. ചികിത്സ സഹായം, ജനകീയസമിതി, പട്രോളിംഗ് സ്ക്വാഡുകള്‍ എന്നിവയില്‍ മന്ത്രിമാരുടെ ഉറപ്പ്
ബത്തേരി: വന്യജീവിശല്യം പരിഹരിക്കാന്‍ വയനാട്ടില്‍ രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. വനം, റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്ക്വാഡുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്. വന്യജീവി ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
വന്യജീവികളുടെ ആക്രമണം തടയുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന ജനകീയ സമിതി രൂപീകരിക്കും. ഈ സമിതിയുടെ കോര്‍ഡിനേറ്ററായി കളക്ടര്‍ പ്രവര്‍ത്തിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും പരുക്കേറ്റവരുടെയും പ്രശ്നങ്ങള്‍ ദുരീകരിക്കും. മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയിലെ 27 നിര്‍ദേശങ്ങളില്‍ 12 നിര്‍ദേശങ്ങള്‍ നടപ്പാക്കിയെന്നും വനം മന്ത്രി വ്യക്തമാക്കി.
വയനാട്ടില്‍ കമാന്‍ഡ് കണ്ട്രോള്‍ സെല്‍ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. രണ്ട് ആര്‍ആര്‍ടികളെ വയനാട്ടില്‍ സ്ഥിരമാക്കി. ഡോ. അരുണ്‍ സഖറിയയെ ദൗത്യസംഘത്തിലെത്തിച്ചു. വന്യജീവി ആക്രമണങ്ങളില്‍ പരുക്കേറ്റവരുടെ സ്വകാര്യ ആശുപത്രികളിലെചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണനയിലാണ്.ഇതിനായി പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. വയനാട്ടിലെ പ്രശ്നങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു.
വനമേഖലയില്‍ കൂടുതല്‍ ഡ്രോണുകളെ വിന്യസിച്ച് നിരീക്ഷണം തുടരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. വനമേഖലയില്‍ 250 പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇതിനോടകം നടപടി തുടങ്ങി. അതിര്‍ത്തി മേഖലയില്‍ 13 പട്രോളിംഗ് സ്ക്വാഡുകളെ നിയോഗിച്ചു.തദ്ദേശ വകുപ്പ് മന്ത്രി പറഞ്ഞു.
വനത്തില്‍ അടിക്കാടുകള്‍ വെട്ടാന്‍ വയനാടിന് പ്രത്യേകം ഇളവ് ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. സ്വാഭാവിക ആവാസ വ്യവസ്ഥ നിര്‍മ്മിക്കാന്‍ തൊഴിലുറപ്പില്‍ പദ്ധതിക്ക് രൂപം നല്‍കും. വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് യോഗത്തിലുയര്‍ന്ന മറ്റൊരു ആവശ്യം. ഇങ്ങനെയുള്ള റിസോര്‍ട്ടുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കും. സ്വകാര്യ വ്യക്തികളുടെ കാടുമൂടിയ സ്ഥലം വൃത്തിയാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. വയനാട്ടില്‍ വന്യ ജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍,റവന്യൂ മന്ത്രി കെ.രാജന്‍, തദ്ദേശവകുപ്പ് മന്ത്രി എം. ബി.രാജേഷ് എന്നിവര്‍ സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ആരാഞ്ഞു.അവരെ ആശ്വസിപ്പിച്ചു.അതിനിടെ യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. യോഗത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രിമാര്‍ക്കു നേരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തു.