കോട്ടയം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് – എം ചെയര്‍മാന്‍ ജോസ് കെ. മാണി.കേരളത്തില്‍ വന്യജീവി ആക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിക്കുകയാണ്. മനുഷ്യരുടെ സ്വത്തിനും ജീവനും കര്‍ഷകരുടെ അധ്വാനത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും യാതൊരു വിലയും പരിഗണനയും നല്‍കാത്ത കാലഹരണപ്പെട്ട പഴഞ്ചന്‍ നിയമമാണ് നിലവിലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം.
ഈ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയില്ലെങ്കില്‍ വനാതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ജനവാസ മേഖലകളില്‍ ജനജീവിതം അസാധ്യമാകും. മലയോര കര്‍ഷകരെയാകെ ബാധിക്കുന്ന വിഷയം എന്ന നിലയിലാണ് കേരള കോണ്‍ഗ്രസ് ഈ ആവശ്യം മുഖ്യമന്ത്രിയുടെ പരിഗണയില്‍ എത്തിച്ചത്.
വളരെ ഗൗരവത്തോടെ വിഷയത്തില്‍ ഇടപെട്ട് വേഗത്തില്‍ തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി കേരളത്തിലെ ലക്ഷക്കണക്കിന് മലയോര കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുമെന്ന് ജോസ് കെ. മാണി പറഞ്ഞു.