തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി സംഘര്‍ഷത്തെ തുടര്‍ന്ന് വയനാട്ടില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനം. സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെ നിയമിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നല്‍കും.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ മയക്കുവെടിവെയ്ക്കാന്‍ ഉത്തരവിറക്കുന്നതില്‍ കാലതാമസം ഉണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധികള്‍ പരാതിപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവുകള്‍ വേഗത്തിലാക്കാനും യോഗത്തില്‍ ധാരണയായി. കഴിഞ്ഞദിവസം ഉദ്യോഗസ്ഥരും വയനാട്ടില്‍ നിന്നുള്ള എംഎല്‍എമാരും അടക്കമുള്ളവരെ വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങളും യോഗത്തില്‍ വിശദീകരിച്ചു.
വയനാട്ടില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെയും വനംമന്ത്രിയുടെയും നേതൃത്വത്തില്‍ വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചത്. ഫെബ്രുവരി 10ന് പടമലയിലെ ജനവാസ മേഖലയിലിറങ്ങിയ ബേലൂര്‍ മാഖ്നയെന്ന കാട്ടാന ഒരാളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വന്യജീവി ആക്രമണത്തിനെതിരെ വയനാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പടമലയില്‍ കടുവ ഇറങ്ങിയതും ജനരോഷം ശക്തമാക്കിയിരുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി തുടര്‍ച്ചയായി ഭീതി പരത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വയനാട്ടില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.