വന്ദേ ഭാരതിന്‍റെ വീലുകള്‍ യുക്രെയിനില്‍ നിന്ന് റൊമാനിയയിലെത്തി; അടുത്ത മാസം ഇന്ത്യയിലെത്തിക്കുമെന്ന് റെയില്‍വേ

Top News

ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്ന് റോഡ് മാര്‍ഗം റൊമാനിയയിലെത്തിയ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ 128 ചക്രങ്ങള്‍ അടുത്ത മാസം എയര്‍ലിഫ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കുമെന്ന് റെയില്‍വേ.രാജ്യത്തെ ഏറ്റവും പുതിയ സെമി ഹൈസ്പീഡ് ഇന്‍റര്‍സിറ്റി ഇഎംയു ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകള്‍ക്ക് വേണ്ടിയുള്ള വീല്‍ സെറ്റുകളുടെ ഇറക്കുമതിയ്ക്കായി യുക്രെയിന്‍ കമ്പനിയ്ക്കാണ് ഓര്‍ഡറുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് വീലുകളുടെ ഇറക്കുമതി തടസപ്പെട്ടിരുന്നു.ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ പ്രധാന റൂട്ടുകളില്‍ 75 വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കാനാണ് റെയില്‍വേ പദ്ധതിയിട്ടിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാനായി ഇപ്പോള്‍ ചെക്ക് റിപബ്ലിക്, പോളണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും ചക്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ഈ രാജ്യങ്ങളെ കൂടാതെ ചക്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ചൈനയേയും സമീപിച്ചേക്കുമന്നൊണ് വിവരം. ഇത്തരം ചക്രങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് യുക്രെയിന്‍. എന്നാല്‍ റഷ്യയുമായുള്ള യുദ്ധമാണ് കമ്ബനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.16 ദശലക്ഷം ഡോളര്‍ ചെലവില്‍ 36000 ചക്രങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് യുക്രെയിന്‍ കമ്ബനിയുമായി റെയില്‍വേ ധാരണയിലെത്തിയിരുന്നത്. എന്നാല്‍ ചക്രങ്ങള്‍ക്കായി ഇനിയും യുക്രെയിനെ ആശ്രയിച്ചാല്‍ തങ്ങളുടെ ലക്ഷ്യം കൃത്യ സമയത്ത് കൈവരിക്കാനാവില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഓര്‍ഡറുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൂടെ നല്‍കിയത്.രണ്ട് ട്രെയിനുകളുടെ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ ചക്രങ്ങള്‍ റൊമാനിയയിലെത്തിച്ചിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ശ്രമഫലമായാണ് യുക്രെയിനിലെ ഡൈനിപ്രോപെട്രോവ്സ്കിലെ വീല്‍ ഫാക്ടറിയില്‍ നിന്നുള്ള ഈ ചക്രങ്ങള്‍ ട്രക്കില്‍ കയറ്റി റൊമാനിയയിലെത്തിച്ചത്.അതേസമയം, വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മാണത്തിന് കാലതാമസമുണ്ടാകില്ലെന്നും ചക്രങ്ങളും ആക്സിലുകളും പോലുള്ള അവശ്യമായ എല്ലാ വസ്തുക്കളും കൃത്യസമയത്ത് തന്നെ എത്തിക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ വി കെ ത്രിപാഠി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *