വന്ദേഭാരത്,കൊച്ചി വാട്ടര്‍മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Kerala

3200 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ടു

തിരുവനന്തപുരം: കേരള വികസനത്തിന് നാഴികക്കല്ലായ വന്ദേഭാരത് ട്രെയിന്‍, വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, നേമം- തിരുവനന്തപുരം -കൊച്ചുവേളി സമഗ്ര വികസന പദ്ധതി, തിരുവനന്തപുരം- ഷൊര്‍ണൂര്‍ ട്രാക്ക് നവീകരണം, കോഴിക്കോട്,വര്‍ക്കല- ശിവഗിരി റയില്‍വേസ്റ്റേഷനുകളുടെ പുനര്‍വികസനം എന്നിവയ്ക്കും പ്രധാനമന്ത്രി തുടക്കമിട്ടു. വൈദ്യുതീകരിച്ച പാലക്കാട് -പളനി- ഡിണ്ടിഗല്‍ പാത നാടിന് സമര്‍പ്പിച്ചു. മൊത്തം 3200 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് തുടക്കമായത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്‍റെ ഔദ്യോഗിക യാത്രയ്ക്ക് തുടക്കമായത്. ക്ഷണിക്കപ്പെട്ട അതിഥികളും വിദ്യാര്‍ത്ഥികളുമടക്കം തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പേരാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്. ഇന്നലെ രാവിലെ 10.45ഓടെ എത്തിയ പ്രധാനമന്ത്രി,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവര്‍ക്കൊപ്പമാണ് ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിയത്. സി-2 കോച്ചിലേക്കെത്തിയ പ്രധാനമന്ത്രി സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സംവദിച്ചു.
2014 ന് മുമ്പ് കേന്ദ്രം റയില്‍വെ വികസനത്തിന് കേരളത്തിന് അനുവദിച്ച തുകയുടെ അഞ്ചിരിട്ടി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ചെലവഴിച്ചെന്ന് വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വിവിധ മേഖലകളില്‍നിന്ന് ക്ഷണിക്കപ്പെട്ടവര്‍, കലാകാരന്മാര്‍, മത്സരങ്ങളില്‍ സമ്മാനര്‍ഹരായ കുട്ടികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരായിരുന്നു ആദ്യ യാത്രക്കാര്‍. അതിഥികള്‍ക്ക് ഭക്ഷണവും വന്ദേഭാരതില്‍ സജ്ജീകരിച്ചു. വിവിധ സ്റ്റേഷനുകളില്‍ വന്ദേഭാരതിന് സ്വീകരണമൊരുക്കി.
ചരിത്രം സൃഷ്ടിച്ച് രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ കൊച്ചിയില്‍ യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ ചടങ്ങിന് പിന്നാലെയാണ് കൊച്ചിയിലെ ഹൈക്കോടതി ടെര്‍മിനലില്‍ വാട്ടര്‍ മെട്രോ ഫ്ളാഗ് ഓഫ് ചെയ്തത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളാണ് ആദ്യയാത്രക്കാരായത്. ആദ്യഘട്ടത്തില്‍ അഞ്ച് ടെര്‍മിനലുകളാണ് സജ്ജമായത്. എട്ട് ബോട്ടുകള്‍ സര്‍വീസ് നടത്തും. വൈപ്പിന്‍ -ഹൈക്കോടതി റൂട്ടിലും കാക്കനാട് -വൈറ്റില റൂട്ടിലുമാണ് ആദ്യം വാട്ടര്‍ മെട്രോ സേവനം. ഈ റൂട്ടില്‍ 20 രൂപ ടിക്കറ്റ് നിരക്കില്‍ 15 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം. ഇന്ന് വൈപ്പിന്‍-ഹൈക്കോര്‍ട്ട് ജലപാതയില്‍ റഗുലര്‍ സര്‍വീസ് തുടങ്ങും. 13 റൂട്ടുകളും 33 ടെര്‍മിനലും 70 ബോട്ടുകളും കൂടി സജ്ജമാകുന്നതോടെ ജല മെട്രോ പൂര്‍ണ്ണനിലയില്‍ എത്തും. 747കോടിയുടെ പദ്ധതിയില്‍ 579 കോടി ജര്‍മ്മന്‍ വായ്പയാണ്. 102കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കൊച്ചിന്‍ ഷിപ്യാര്‍ഡാണ് ബോട്ടുകള്‍ നിര്‍മ്മിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ പരിസ്ഥിതി സൗഹൃദമാണ്.

Leave a Reply

Your email address will not be published. Required fields are marked *