പമ്പ: ശബരിമലയില്‍ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദര്‍ശനസമയം കൂട്ടി. ഉച്ചയ്ക്കുശേഷം നട തുറക്കുന്നത് നാലില്‍നിന്ന് മൂന്നുമണിയാക്കിയാണ് കൂട്ടിയത്. നിലവില്‍ നാല് മണി മുതല്‍ 11 മണി വരെയാണ് ഉച്ചകഴിഞ്ഞുള്ള ദര്‍ശന സമയം. ഇതോടെ ഒരു ദിവസം 18 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താം.ദര്‍ശന സമയം കൂട്ടാന്‍ തന്ത്രി അനുമതി നല്‍കിയതിന് പിന്നാലെയാണ് തീരുമാനം പുറത്തുവന്നത്. 14 മണിക്കൂര്‍ വരെ ക്യൂ നിന്നാണ് തീര്‍ഥാടകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം നടത്തിയത്. ക്യൂ കോംപ്ലക്സില്‍ സൗകര്യങ്ങളില്ലെന്ന് തീര്‍ഥാടകര്‍ പരാതിപ്പെട്ടു.
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം രണ്ട് മണിക്കൂര്‍ കൂട്ടാനാകുമോയെന്ന് തന്ത്രിയോട് ചോദിച്ചറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെയാണ് ദര്‍ശന സമയം കൂട്ടാനുള്ള നീക്കം.