വനാതിര്‍ത്തിയില്‍ കഴിയുന്നവര്‍ക്ക് വന്യജീവി ആക്രമണത്തെ നേരിടാന്‍ പരിശീലനം നല്‍കണമെന്ന് കേന്ദ്ര മന്ത്രി

Latest News

കല്‍പറ്റ: വനാതിര്‍ത്തില്‍ കഴിയുന്നവര്‍ക്ക് വന്യജീവി ആക്രമണത്തെ നേരിടാന്‍ പരിശീലനം നല്‍കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഭുപേന്ദര്‍ യാദവ്.ജില്ലയിലെ വന്യജീവി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. അന്തര്‍ സംസ്ഥാനങ്ങളുമായി സംയോജിച്ച് ആനത്താര അടയാളപ്പെടുത്തും.മനുഷ്യ-വന്യ മൃഗ സംരക്ഷണം സംബന്ധിച്ച് പഠനം നടത്താന്‍ കോയമ്ബത്തൂര്‍ സലീം അലി ഇന്‍സ്റ്റിറ്റ്യൂട്ടിന് ചുമതല നല്‍കും. മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷ പ്രധാനമാണെന്നും വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ അവയുടെ സഞ്ചാരപാത സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, നവമാധ്യമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉറപ്പാക്കണം. ആനകളുടെ ജിയോ ടാഗിങ് നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കണം.
ആക്രമണ സ്വഭാവമുള്ള വന്യ മൃഗങ്ങളെ പിടികൂടാന്‍ നിയമഭേദഗതി ആവശ്യമില്ലെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം ഉണ്ടെന്നും കേന്ദ്ര മന്ത്രി ഭുപേന്ദര്‍ യാദവ് വ്യക്തമാക്കി. വന്യമൃഗ ശല്യം കൂടുതലായുള്ള പ്രദേശങ്ങളില്‍ ഫെന്‍സിങ് സംവിധാനം വ്യാപിപ്പിക്കേണ്ടതുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചാല്‍ പരിഗണിക്കുമെന്നും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15.8 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. വന പരിപാലകര്‍ക്ക് അത്യാധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ ഉറപ്പാക്കണം, വന നിയമത്തില്‍ ഇളവ് നല്‍കല്‍, ജില്ലയില്‍ ഉന്നതതല ഉദ്യോഗസ്ഥരെ നിയമിക്കണം എന്നീ വിഷയങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലുള്ള കുടുംബങ്ങളെ പുനരധിവസിക്കണം. അടിക്കാട് വെട്ടല്‍, ട്രഞ്ച് നിര്‍മ്മാണം എന്നിവ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് ഇളവ് നല്‍കണമെന്നും എം.എല്‍.എമാര്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ജില്ലാ ഭരണകൂടം,വനം വകുപ്പ് ഉദ്യോഗസ്ഥര്‍,ജനപ്രതിനിധികള്‍ എന്നിവരെ കേന്ദ്രമന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.യോഗത്തില്‍ കേന്ദ്ര വനം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്രകുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ്. പി യാദവ്, എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി.പുകഴേന്തി, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *