തൃശൂര്‍: ഗോത്രസമൂഹത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ വനം- വന്യജീവി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാടിനെ മറ്റാരെക്കാളും അറിയുന്നവരും അനുഭവസമ്പത്തുള്ളവരുമാണ് വനാശ്രിത ജനവിഭാഗങ്ങള്‍. വനം-വന്യജീവി മേഖലകളില്‍ മനുഷ്യരുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍ സമചിത്തതയോടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണം.
മലയോര മേഖലകളിലെ വന്യജീവി ആക്രമണങ്ങളില്‍ ജനങ്ങളോടൊപ്പം നിന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമത്തിലാണ് വകുപ്പെന്നും മന്ത്രി പറഞ്ഞു.