കൊല്ലങ്കോട്:വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ കൊല്ലങ്കോട് പോലീസ് കേസെടുത്തു. പല്ലശന തെക്കുംപുറം എല്‍.സുഭാഷിനെതിരെയാണ് കേസെടുത്തത്. പല്ലശന സ്വദേശി സച്ചിന്‍റെയും മുക്കം സ്വദേശിനി സജ്ലയുടെയും വിവാഹച്ചടങ്ങിനുശേഷം വരന്‍റെ വീട്ടിലേക്ക് കയറുമ്പോഴാണ് ഇരുവരുടെയും തല പിന്നില്‍നിന്ന സുഭാഷ് ശക്തിയായി കൂട്ടിയിടിച്ചത്. വധു കരഞ്ഞ് വീട്ടിലേക്ക് കയറിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
പല്ലശനയിലെ ഒരു വിഭാഗക്കാരുടെ ആചാരമാണെന്ന് പറഞ്ഞ് സംഭവം ലഘൂകരിക്കാനുള്ള ശ്രമവുമുണ്ടായി. എന്നാല്‍, ഇത്തരം ആചാരമില്ലെന്ന് മുതിര്‍ന്നവരും പഞ്ചായത്ത് പ്രസിഡന്‍റ് എല്‍.സായ്രാധയും വ്യക്തമാക്കി. വിവരമറിഞ്ഞ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്ത് കൊല്ലങ്കോട് പോലീസിനോട് അന്വേഷണത്തിന് ആവശ്യപ്പെട്ടു.