ന്യൂഡല്‍ഹി : തൂക്കിലേറ്റിയുളള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാന്‍ കമ്മറ്റി പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ചര്‍ച്ചയിലെന്ന് അറ്റോണി ജനറല്‍ പറഞ്ഞു. ഹര്‍ജി സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി.
തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുളള അഭിഭാഷകനായ റിഷി മല്‍ഹോത്രയുടെ ഹര്‍ജിയിലാണ് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചത്. തൂക്കിക്കൊല്ലുന്നത് മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്നാണ് റിഷി മല്‍ഹോത്ര കോടതിയില്‍ വാദിച്ചിരുന്നത്. റിഷി മല്‍ഹോത്രയുടെ ഹര്‍ജിയില്‍ പറയുന്ന ബദല്‍ ശിക്ഷാ മാര്‍ഗങ്ങള്‍. വൈദ്യുതി കസേര, കുത്തിവെപ്പിലൂടെ വധിക്കല്‍, വെടിവെപ്പിലൂടെ വധിക്കല്‍ എന്നിവയാണ് ബദല്‍ മാര്‍ഗങ്ങളായി നിര്‍ദേശിച്ചിരിക്കുന്നത്.
തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു. തൂക്കിലേറ്റിയല്ലാതെ വധശിക്ഷ നടപ്പാക്കാന്‍ മറ്റു വഴികള്‍ ഇല്ല എന്നാണ് കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.