ന്യൂഡല്‍ഹി: വധശിക്ഷയ്ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. യെമനിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം തേടി നിമിഷയുടെ അമ്മ നല്‍കുന്ന അപേക്ഷയില്‍ ഒരാഴ്ച്ചയ്ക്കം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്‍റിന് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചത്. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്‍കിയ ഹര്‍ജി ഈ മാസം 13ന് യെമന്‍ സുപ്രീംകോടതിയും തള്ളിയെന്ന് വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയ വിവരമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. താലാലിനൊപ്പം ക്ലിനിക് നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയും യെമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. ക്രൂരമായ പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കി. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്‍റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. കേസില്‍ മറ്റൊരു മറ്റൊരു പ്രതിയായ ഹനാനും വിചാരണ നേരിടുന്നുണ്ട്.