തൊടുപുഴ: വണ്ടിപ്പെരിയാര്‍ കേസിലെ ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷക്ക് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഇതുസംബന്ധിച്ച് വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
ഇടുക്കി വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛന് കുത്തേറ്റിരുന്നു. സംഭവത്തില്‍ കൊലപാതക കേസില്‍ വിചാരണക്കോടതി വെറുതെവിട്ട അര്‍ജുന്‍റെ ബന്ധുവായ പാല്‍രാജിനെ പൊലീസ് പിടികൂടി.വണ്ടിപ്പെരിയാര്‍ പട്ടണത്തിലെ പശുമലയില്‍വെച്ചാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘര്‍ഷത്തില്‍ നേരിയ പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പാല്‍രാജിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുകയായിരുന്നു. ഈ സമയം അര്‍ജുന്‍റെ ബന്ധു പാല്‍രാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തര്‍ക്കമായി.
ഇത് കൈയാങ്കളിയിലേക്ക് നീളുകയും പാല്‍രാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.