വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം വീതം നല്‍കും: മന്ത്രി കെ രാജന്‍

Top News

തിരുവനന്തപുരം : കഴിഞ്ഞ ആഴ്ച വടക്കഞ്ചേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മുഴുവന്‍പേരുടെയും കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രാഥമികമായി നല്‍കിയ സഹായധനത്തിന് പുറമെയാണ് രണ്ട് ലക്ഷം രൂപ വീതം നല്‍കുക.അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞവര്‍ക്കും തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കുമുള്ള എല്ലാ ചികിത്സാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.
ഏറെ വേദനാജനകമായ ദുരന്തമാണ് വടക്കഞ്ചേരിയില്‍ ഉണ്ടായത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ല. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ പ്രഖ്യാപിച്ച നടപടികള്‍ ബസ്സപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ക്കശമായി നടപ്പിലാക്കുമെന്നും സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *