വടകര: വടകര നഗരത്തില്‍ വ്യാപാര മേഖല പ്രതിസന്ധിയില്‍. 2000 ലധികം കടമുറികള്‍ ഒഴിഞ്ഞു കിടക്കുന്നു.ദേശീയപാത വികസനം, ചുമട്ടുകൂലി, ഗതാഗത പ്രശ്നങ്ങള്‍, മികച്ച ഡ്രയിനേജ് സംവിധാനത്തിന്‍റെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും വ്യാപാരമേഖലക്ക് തിരിച്ചടിയാകുന്നത്. ദേശീയപാത നിര്‍മാണത്തിന്‍റ ഭാഗമായി കടുത്ത പ്രതിസന്ധിയാണ് വ്യാപാര മേഖലക്ക് ഉണ്ടാക്കിയിട്ടുള്ളത്.വ്യാപാരികളെ കൂട്ടത്തോടെ കുടിയിറക്കിയപ്പോള്‍ ചെറിയ ശതമാനം വ്യാപാരികള്‍ക്ക് മാത്രമാണ് പുതിയ കടമുറികളെടുത്ത് തിരിച്ചുവരാന്‍ കഴിഞ്ഞത്. കെട്ടിടങ്ങള്‍ക്കുണ്ടായ അമിത വാടകയും നികുതിയും താങ്ങാന്‍ കഴിയാത്ത വിധത്തില്‍ വര്‍ദ്ധിച്ചത് വ്യാപാരികളെ പിന്നോട്ടടിപ്പിക്കുന്നു. ചുമട്ടുകൂലിയിലും വര്‍ദ്ധനയുണ്ടായതായി വ്യാപാരികള്‍ പറയുന്നു.
പ്രതിസന്ധി മറികടക്കാന്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വടകര മര്‍ച്ചന്‍റ്സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണനഗരം യൂനിറ്റ്, പ്രൊഡ്യൂസ് മര്‍ച്ചന്‍റ് അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ വടകര, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ്, ഫുട്വെയര്‍ അസോസിയേഷന്‍ എന്നീ സംഘടനാ പ്രതിനിധികള്‍ വ്യാപാരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച നടത്തി. എം.പി, എം.എല്‍.എ, നഗരസഭാധ്യക്ഷ എന്നിവരെ ഉള്‍പ്പെടുത്തി ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു.