വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം; പ്രത്യേക സംഘം അന്വേഷിക്കും

Latest News

വടകര : വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം. ഫയലുകളും ഫര്‍ണിച്ചറുകളും കത്തി നശിച്ചു.നാലര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്സ് തീ അണച്ചു. സംഭവത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് വടകരയില്‍ അടിയന്തരയോഗം വിളിച്ചു.പുലര്‍ച്ചെ അഞ്ചരയോടെയാണ് വടകര തലൂക്ക് ഓഫീസിലെ തീപിടിത്തം ശ്രദ്ധയില്‍പ്പെടുന്നത്. താലൂക്ക് ഓഫീസിന് സമീപമുള്ള സബ്ജയിലിന്‍റെ സൂപ്രണ്ട് ജിജേഷ് തീ പടരുന്ന വിവരം ഫയര്‍ ഫോഴ്സില്‍ അറിയിച്ചു.വടകരയ്ക്ക് പുറമെ നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്ന് അഗ്നി രക്ഷാ സേന എത്തിയാണ് തീയണച്ചത്. നാലര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായി അണയ്ക്കാനായത്. ഓഫീസിലെ ഫയലുകളും ഫര്‍ണിച്ചറുകളും കത്തി നശിച്ചു.ഓട് കെട്ടിടമായതിനാല്‍ തീ പടര്‍ന്നു പിടിച്ചാണ് വ്യാപക നാശം ഉണ്ടായത്. ഓഫീസിന് പകരം സംവിധാനം ഇന്ന് തന്നെ ഏര്‍പ്പെടുത്തും. ഏതാണ്ട് രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്തത് കൊണ്ട് വലിയ പ്രശ്നങ്ങളുണ്ടാവിലെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു.
സംഭവം അറിഞ്ഞ് ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും വടകര എത്തി അട്ടിമറി സാധ്യതയടക്കം എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് റൂറല്‍ എസ്പി അറിയിച്ചു. വടകര ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല.അതേസമയം തീപിടിത്തമുണ്ടായ വടകര താലൂക്ക് ഓഫീസ് സന്ദര്‍ശിക്കാന്‍ എത്തിയ നാദപുരം എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇ.കെ. വിജയന്‍ എംഎല്‍എയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
പൊലീസും ഇലക്ട്രിക് വിഭാഗവും അന്വേഷണം നടത്തി സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുമെന്ന് കളക്ടര്‍ എന്‍. തേജ് ലോഹിത റെഡ്ഡി വ്യക്തമാക്കി. താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഫയലുകള്‍ പരമാവധി വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *