കട്ടപ്പന : കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ ടോറസ് ലോറിയില്‍ നിന്ന് ഡീസല്‍ ചോര്‍ന്നു. അഗ്നി ശമന സേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ ടോറസ് ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്ന് റോഡിലൂടെ ഡീസല്‍ ഒഴുകിയത്. ടോറസ് ലോറി കടന്നു വന്ന ഇടുക്കിക്കവല മുതല്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വാഹനം സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ചോര്‍ച്ച വന്‍തോതിലായി.ഇതിനിടയില്‍ റോഡിലെ ഡീസലില്‍തെന്നി ഒരു ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് ടോറസ് ലോറി മാര്‍ക്കറ്റ് ജംഗ്ഷനില്‍നിര്‍ത്തിയിട്ടു. പിന്നാലെ എത്തിയ ഫയര്‍ഫോഴ്സ് റോഡ് സോപ്പുപ്പൊടി ഉപയോഗിച്ച് കഴുകിയശേഷം അറക്കപൊടി ഇട്ട് അപകട സാധ്യത ഒഴിവാക്കി. ഇടുക്കിക്കവലയിലെ പമ്പില്‍ നിന്നും ഇന്ധനം അടിച്ച ശേഷം ടാങ്ക് അടക്കാന്‍ മറന്നതാണ് ഡീസല്‍ ചോരാന്‍ കാരണമായി പറയുന്നത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്‍റെയും സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്.