ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ നടക്കുന്ന ലോങ് മാര്‍ച്ച് ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍.തനിക്ക് വെടിയേറ്റ അതേ സ്ഥലത്തുനിന്നാണ് റാലി പുനരാരംഭിക്കുകയെന്നും ഇംറാന്‍ അറിയിച്ചു. ലാഹോറില്‍ നിന്ന് റാലിയെ അഭിസംബോധന ചെയ്യും. റാലി 10,14ദിവസം കൊണ്ട് റാവല്‍പിണ്ടിയില്‍ എത്തുമെന്നും ഇംറാന്‍ വ്യക്തമാക്കി. റാവല്‍പിണ്ഡിയില്‍ എത്തിയാലുടന്‍ താനും റാലിയുടെ ഭാഗമാവുമെന്നും നേതൃത്വം നല്‍കുമെന്നും ഇംറാന്‍ കൂട്ടിച്ചേര്‍ത്തു.വ്യാഴാഴ്ച വൈകുന്നേരമാണ് ഇംറാന് വെടിയേറ്റത്. മാര്‍ച്ച് ഗുജറന്‍വാല ഡിവിഷനിലെ വസീറാബാദ് സിറ്റിയില്‍ സഫര്‍ അലി ഖാന്‍ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളില്‍ കയറി മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാന്‍.വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാന്‍ ഖാന്‍റെ നേതൃത്വത്തില്‍ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രതിഷേധ ലോങ് മാര്‍ച്ച് നടത്തിയത്.