ടോക്കിയോ : ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ടോക്കിയോയില്‍ തുടക്കമാകും. പരുക്കിനെ തുടര്‍ന്ന് പി.വി സിന്ധു ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയിരുന്നു.ആകെ 26 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.ഈ മാസം 22 മുതല്‍ 28 വരെ ടോക്കിയോയിലെ മെട്രോപൊളിറ്റന്‍ ജിംനേഷ്യം സ്റ്റേഡിയത്തിലാണ് ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ 27 ആമത് എഡിഷന്‍ അരങ്ങേറുക.
ചരിത്രത്തിലിതാദ്യമായാണ് ചാമ്പ്യന്‍ഷിപ്പിന് ജപ്പാന്‍ വേദിയാകുന്നത്.
46 രാജ്യങ്ങളില്‍ നിന്നുള്ള 364 താരങ്ങള്‍ അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും. ആകെ 26 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് സൂപ്പര്‍ താരം പി.വി സിന്ധു ഇന്ത്യന്‍ ടീമില്‍ ഇല്ല .കഴിഞ്ഞ എഡിഷനിലെ വെള്ളി മെഡല്‍ ജേതാവായ കിടംബി ശ്രീകാന്തിലും സെന്‍സേഷന്‍ താരം ലക്ഷ്യ സെന്നിലുമാണ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളി ഗായത്രി ഗോപി ചന്ദ് പുല്ലേലയ്ക്കൊപ്പം മത്സരിക്കും.
മലേഷ്യയുടെ ലോയീന്‍ വലേറി സഖ്യമാണ് ട്രീസ ജോളി ഗായത്രി ജോഡിയുടെ ഒന്നാം റൌണ്ട് എതിരാളി.സൈന നേവാള്‍, മാള്‍വിക ബന്‍സോഡ്, സായ് പ്രണീത് , മലയാളിതാരം എച്ച് എസ് പ്രണോയി എന്നിവരും മെഡല്‍ നേടാനുറച്ച് ടൂര്‍ണമെന്‍റില്‍ രംഗത്തുണ്ട്.ഓസ്ട്രിയയുടെ ലൂക്ക റേബറാണ് പ്രണോയിയുടെ ആദ്യ റൌണ്ട് എതിരാളി. അശ്വിനി പൊന്നപ്പ സിക്കി എന്‍ റെഡ്ഢി സഖ്യവും ചിരാഗ് ഷെട്ടി സാത്വിക് സായ് രാജ് രാങ്കിറെഡ്ഢി സഖ്യവും മിന്നും ഫോമിലുള്ളതും ബാഡ്മിന്‍റണ്‍പ്രേമികളുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാവിലെ 7:30 നാണ് ആരംഭിക്കുക.