കോഴിക്കോട് :ലോകടൂറിസം ദിനത്തിലും കോഴിക്കോട് നഗരത്തിന്‍റെ ഹൃദയ ഭാഗത്തിലൂടെ മാലിന്യം വഹിച്ചുകൊണ്ടു കനോലി കനാല്‍ ഒഴുകി. ഈ ദിവസമെങ്കിലും കനാല്‍ വൃത്തിയാക്കുവാനും മറ്റും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും യാതൊരു ശ്രമവും ഉണ്ടായില്ല.
ലോകടൂറിസം ദിനാഘോഷത്തിന്‍റെ ഭാഗമായി ജില്ലാഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കടപ്പുറത്ത് ശുചിത്വയജ്ഞം നടത്തിയിരുന്നു. എന്നാല്‍ ഇതു നടക്കേണ്ടിയിരുന്നത് കനോലികനാല്‍ പരിസരത്തായിരുന്നുവെന്ന് ചിന്തിക്കുന്ന കോഴിക്കോട്ടുകാര്‍ നിരവധിപേരുണ്ട്. മന്ത്രിസഭയില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ടൂറിസംമന്ത്രി ഉള്‍പ്പെടെ മൂന്ന് മന്ത്രിമാരുണ്ടെങ്കിലും കനോലി കനാലുമായി ബന്ധപ്പെട്ടു ശുചിത്വയജ്ഞം സംഘടിപ്പിക്കാനോ മറ്റും ആരും തയാറായില്ല.
വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായി പുഴയെയും ബന്ധിപ്പിക്കുന്ന കനോലികനാല്‍ ജലഗതാഗതമെന്ന നിലയിലാണ് ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലാകലക്ടറായിരുന്ന എച്ച്. വി കനോലി രൂപകല്‍പ്പനചെയ്തത്. ജലാശയങ്ങളെ തമ്മില്‍ യോജിപ്പിച്ച് വിശാലമായ ജലഗതാഗതമാര്‍ഗ്ഗമെന്ന ഉദ്ദേശത്തോടെയാണ് കനാല്‍ നടപ്പില്‍വ രുത്തിയത്. ആദ്യകാലങ്ങളില്‍ ചരക്കുനീക്കമുണ്ടായിരുന്നെങ്കിലും പിന്നീട് അഴുക്കുചാല്‍ എന്ന തരത്തിലേക്ക് മാറ്റപ്പെട്ടു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ കനാലിനെ അത് ആസൂത്രണംചെയ്തരീതിയില്‍, പ്രയോജനപ്രദമായ നിലയിലേക്ക് എത്തിക്കാന്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ക്ക് ഒന്നിനുമായില്ല. നഗരത്തിലെ മാലിന്യം വഹിച്ച് ഒഴുകാനാണ് കനോലി കനാലിന്‍റെ വിധി.
വിനോദസഞ്ചാര സാധ്യതകള്‍ മലര്‍ക്കെ തുറന്നിട്ട ഈ കനാലിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ വന്ന അലംഭാവവും അനാസ്ഥയും കോഴിക്കോടിന്‍റെ ടൂറിസംമേഖലയിലുണ്ടാകുമായിരുന്ന വന്‍ കുതിപ്പിനെയാണ് ഇല്ലാതാക്കിക്കളഞ്ഞത്. കുറച്ചുവര്‍ഷങ്ങളായി കനോലി കനാലിന്‍റെ ടൂറിസം വികസനസാധ്യതകള്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും ആരാഞ്ഞു കൊണ്ടിരിക്കുകയാണ്. പ്രഖ്യാപനങ്ങള്‍ ഇടയ്ക്കൊക്കെയുണ്ടാകുന്നു എന്നല്ലാതെ യാതൊന്നും പ്രാവര്‍ത്തികമായി കാണുന്നില്ല.കനാലിന്‍റെ എരഞ്ഞിപ്പാലംഭാഗത്തെ തീരത്തോടു ചേര്‍ന്ന് സരോവരമെന്ന പദ്ധതി മാത്രമാണ് ചൂണ്ടിക്കാണിക്കാനാകുന്നത്. എന്നാല്‍ ഈ പദ്ധതിയും വിഭാവനം ചെയ്തതുപോലെ പൂര്‍ണമായിട്ടില്ല.മാത്രമല്ല ആരംഭശൂരത്വം എന്നൊക്കെ പറയുന്നതുപോലെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതും ഒരു നോക്കുകുത്തിപോലെയായി മാറുകയാണ്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ക്കാര്‍ കനോലി കനാലിന്‍റെ വിനോദസഞ്ചാരസാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കി വികസന പദ്ധതികളും മറ്റും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ എന്തായി എന്നതില്‍ വ്യക്തതയില്ല. കോഴിക്കോട്ടുകാരന്‍ തന്നെയായ സംസ്ഥാന ടൂറിസം മന്ത്രി ലോക ടൂറിസംദിനത്തില്‍ കനോലി കനാല്‍ വികസനപദ്ധതികളുടെ പ്രാരംഭ നടപടികള്‍ ഏതുവരെയെത്തിയെന്നെങ്കിലും അറിയിക്കുമെന്ന് ജനങ്ങള്‍ കരുതിയെങ്കിലും അതൊന്നുമുണ്ടായില്ല.