ഒറിഗോണ്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യന്‍ താരം നീരജ് ചോപ്ര.ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം എറിഞ്ഞിട്ട നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തിലാദ്യമായി വെള്ളിമെഡല്‍ നേടുന്ന ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ്.
90.54 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ലോക ചമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സാണ് ഒന്നാം സ്ഥാനം നേടിയത്. ചെക്ക് റിപ്പബ്ളിക്കിന്‍റെ ജാക്കൂബ് വാദ്ലെച്ച് 88.09 മീറ്റര്‍ എറിഞ്ഞ് വെങ്കലം സ്വന്തമാക്കി. ആദ്യ ശ്രമം ഫൗളായ നീരജ് നാലാം ശ്രമത്തിലാണ് 88.13 മീറ്റര്‍ എറിഞ്ഞ് ചരിത്രനേട്ടം സ്വന്തമാക്കിയത്.ലോക അത്ലറ്റിക്സില്‍ മലയാളി താരമായ അഞ്ചു ബോബി ജോര്‍ജിന് ശേഷം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. 2003ല്‍ നടന്ന പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി ലോംഗ് ജമ്പ് ഇനത്തിലാണ് അഞ്ചു വെങ്കലം നേടിയത്.ഒളിംപിക്സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മെഡല്‍ സ്വന്തമാക്കിയ ആദ്യം ഇന്ത്യന്‍ താരം കൂടിയാണ് നീരജ് ചോപ്ര. ടോക്കിയോയില്‍ ജാവലിന്‍ ത്രോയില്‍ 87.58 ദൂരത്തിന്‍റെ നേട്ടത്തോടെ സ്വര്‍ണമെഡല്‍ നേടിയാണ് നീരജ് സ്വന്തം പേര് ചരിത്രതാളുകളില്‍ എഴുതിചേര്‍ത്തത്.