കോഴിക്കോട് : ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ സംഘടിപ്പിച്ച നാഷനല്‍ ലോക് അദാലത്തില്‍ 9491 കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചു.മൊത്തം 137081819 രൂപ വിവിധ കേസുകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നിര്‍ദ്ദേശപ്രകാരമാണ് അദാലത്ത് നടത്തിയത്.14346 കേസുകള്‍ പരിഗണനയ്ക്ക് വന്നു.
കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളില്‍ സിവില്‍ കേസുകള്‍, വാഹനാപകട കേസുകള്‍ ,ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍,ബാങ്ക് വായ്പ സംബന്ധമായ കേസുകള്‍ തുടങ്ങിയവ പരിഗണിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി എസ്. മുരളികൃഷ്ണന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്ക് സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ പി.മോഹന കൃഷ്ണന്‍, വടകര താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും എം.എ.സി.ടി ജഡ്ജിയുമായ കെ.രാമകൃഷ്ണന്‍, കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും സ്പെഷ്യല്‍ ജഡ്ജിയുമായ എം.സുഹൈബ് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായഎം.പി.ഷൈജല്‍ എന്നിവര്‍ അദാലത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.