ലോക്സഭ തെരഞ്ഞെടുപ്പ്: തെലങ്കാനയില്‍ മത്സരിക്കില്ലെന്ന് ടി.ഡി.പി

Top News

ഹൈദരാബാദ്: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ മത്സരിക്കില്ലെന്ന് തെലുങ്ക് ദേശം പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തെലുങ്ക് ദേശം പാര്‍ട്ടി അറിയിച്ചു.
അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണ് പാര്‍ട്ടിയെന്ന് മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.
ജൂണിലോ ജൂലൈയിലോ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ടി.ഡി.പി വീണ്ടും രാഷ്ട്രീയ ഇന്നിങ്സിന് തുടക്കമിടുമെന്ന് വക്താവ് ജ്യോത്സന തിരുനാഗരി പറഞ്ഞു. ഇപ്പോള്‍ എന്‍.ഡി.എയുടെ ഭാഗമാണ് ഞങ്ങള്‍. തെലങ്കാനയില്‍ ആരെ പിന്തുണക്കണമെന്നതില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വം തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ടി.ഡി.പി ഇപ്പോള്‍ കടന്നുപോകുന്നത്. ആന്ധ്രപ്രദേശ് പൊലീസ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പാര്‍ട്ടിയുടെ കഷ്ടകാലം തുടങ്ങിയത്. അറസ്റ്റിന് പിന്നാലെ കഴിഞ്ഞവര്‍ഷം തെലങ്കാനയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് അവര്‍ തീരുമാനമെടുത്തിരുന്നു.
പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്ബ് പാര്‍ട്ടി വിട്ട് ചന്ദ്രശേഖര്‍ റാവുവിന്‍റെ ഭാരത് രാഷ്ട്രസമിതിയില്‍ ചേര്‍ന്നതും തിരിച്ചടിയായി. 2018ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ തെലങ്കാനയില്‍ വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. കോണ്‍ഗ്രസുമായും സി.പി.ഐയുമായും സഖ്യമുണ്ടാക്കിയാണ് അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *