കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി.
സി.പി.എമ്മുമായി ഒരുതരത്തിലും യോജിക്കാനാകില്ലെന്ന് സൗത്ത് 24 പര്‍ഗാനാസില്‍ മമത പറഞ്ഞു.
സി.പി.എം ബി.ജെ.പിയെ സഹായിക്കുകയാണ്. ഭരണത്തിലിരുന്ന 34 വര്‍ഷം അവര്‍ ജനങ്ങള്‍ക്കുവേണ്ടി എന്താണ് ചെയ്തത്? ഇപ്പോള്‍ കാമറക്ക് മുന്നിലിരുന്ന് സംസാരിക്കുകയാണ്. സി.പി.എമ്മിന്‍റെ ഭരണകാലത്ത് ജനങ്ങള്‍ക്ക് എത്ര ആനുകൂല്യം കിട്ടി?’- മമത ചോദിച്ചു. അതേസമയം, മറ്റൊരു ഇന്‍ഡ്യ കക്ഷിയായ കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ മമത മൗനം തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രൂപവത്കരണം മുതല്‍ സി.പി.എമ്മിനെതിരാണെന്നും സ്വാഭാവികമായും സഖ്യമുണ്ടാകില്ലെന്നും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബംഗാളില്‍ തൃണമൂലുമായി സഖ്യമുണ്ടാകില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരായ നേതാക്കളെ ഇ.ഡിയുടെയും സി.ബി.ഐയുടെയും നിരീക്ഷണത്തില്‍നിന്ന് പ്രതിരോധിക്കാന്‍ ബി.ജെ.പിയുമായി തൃണമൂല്‍ കോണ്‍ഗ്രസിന് രഹസ്യധാരണയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും പ്രസ്താവിച്ചിരുന്നു.