ന്യൂഡല്‍ഹി: കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്.2009 മുതല്‍ 2024 വരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ 104 ശതമാനം വര്‍ധനയാണുണ്ടായത്.2009ലെ തെരഞ്ഞെടുപ്പില്‍ 368 രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണ് ജനവിധി തേടിയത്. ഇത്തവണ 751 പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ട്. 2014 ലെ തെരഞ്ഞെടുപ്പില്‍ 464 പാര്‍ട്ടികളും 2019ല്‍ 677 പാര്‍ട്ടികളും മത്സരിച്ചിരുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും നാഷനല്‍ ഇലക്ഷന്‍ വാച്ചും തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
ഇത്തവണ ജനവിധി തേടുന്ന 8360 സ്ഥാനാര്‍ഥികളില്‍ 3915 പേരും സ്വതന്ത്രരാണ്. ദേശീയ പാര്‍ട്ടികളില്‍നിന്ന് 1333 സ്ഥാനാര്‍ഥികള്‍ മാത്രമാണ് മത്സരിക്കുന്നത്. എന്നാല്‍, 2580 സ്ഥാനാര്‍ഥികള്‍ അംഗീകൃതമല്ലാത്ത പാര്‍ട്ടികളുടെതാണ്. ദേശീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളില്‍ 443 പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. 295 പേര്‍ ഗുരുതര ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടതായി ആരോപണമുള്ളവരാണെന്നും സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തെക്കുറിച്ചുള്ള വിശകലന റിപ്പോര്‍ട്ട് പറയുന്നു.