ഗുവാഹത്തി: അസമില്‍ പുരോഗമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാന സര്‍ക്കാറുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായി മാറി.രാഹുല്‍ ഗാന്ധിക്കെതിരെ നിരന്തരം കേസുകളെടുത്ത് ന്യായ് യാത്രയെ പൊളിക്കാന്‍ അസം സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രാഹുല്‍ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇനി എത്ര എഫ്.ഐ.ആര് വേണമെങ്കിലും ഫയല്‍ ചെയ്തോളൂ, ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാവില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിരുന്നു.
എന്നാല്‍, രാഹുലിനെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ തിരിച്ചടിച്ചു. ഇപ്പോള്‍ നടപടിയെടുത്താല്‍ അത് രാഷ്ട്രീയ നീക്കമായി ചിത്രീകരിക്കും. അസം സര്‍ക്കാറിനോ ബി.ജെ.പിക്കോ വിമര്‍ശനം ഉണ്ടാക്കാന്‍ ഇപ്പോള്‍ താല്പര്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നും അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും തെരഞ്ഞെടുപ്പ് ശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്നുമാണ് അസം മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
അതേസമയം ബി.ജെ.പിയുടെ സംഘം കഴിഞ്ഞ ദിവസം രണ്ട് തവണ ഭാരത് ജോഡോ യാത്രയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.