ലോക്ഡൗണില്‍ ജനങ്ങളെ
പട്ടിണിക്കിടാത്ത സര്‍ക്കാര്‍: ഗവര്‍ണര്‍

India Kerala

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള നിയമസഭാസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തി. ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നടപടികളെ ഗവര്‍ണര്‍ പ്രശംസിച്ചു. ലോക് ഡൗണ്‍ കാലത്ത് ആരെയും പട്ടിണിക്കിടാതെ സര്‍ക്കാര്‍ ശ്രദ്ധിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലെത്തിയപ്പോള്‍ത്തന്നെ പ്രതിപക്ഷ ഭാഗത്തു നിന്നും സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നു. നയപ്രഖ്യാപന തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. സഭയിലെ മര്യാദകള്‍ ഓര്‍മ്മിച്ചിച്ചുകൊണ്ട് അല്‍പ്പം പരുഷമായിട്ടു തന്നെയാണ് ഗവര്‍ണര്‍ തന്നെ പ്രസംഗം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടത്.
കോവിഡിനെ നേരിടാന്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. 20000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ആദ്യ സര്‍ക്കാരാണിത്. നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് കോവിഡിനെ നേരിട്ടു. മുന്നോട്ടുള്ള പാതയും ദുര്‍ഘടമെന്ന് അറിയാം. കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കണമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ഏജന്‍സികളെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കേന്ദ്ര ഏജന്‍സികള്‍ തടസം നില്‍ക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്. രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ സര്‍ക്കാര്‍ നല്‍കി. ദുരിത കാലത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രശംസനീയമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
ഫെഡറലിസം ഉറപ്പാക്കാന്‍ ഉള്ള നടപടികളില്‍ കേരളം എന്നും മുന്നിലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയും മതേതരത്വവും ഉറപ്പാക്കാന്‍ കേരളം മുന്നിട്ടിറങ്ങിയെന്നും ഗവര്‍ണര്‍ പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *