ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാതെ അയച്ച ലോകായുക്ത നിയമഭേദഗതി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു. സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്.നിയമസഭ പാസാക്കിയ ബില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ കേരളം നല്‍കിയ കേസ് പരിഗണിക്കുന്നതിന്‍റെ തലേ ദിവസമാണ് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിക്ക് അയച്ചത്.
ലോകായുക്ത നിയമഭേദഗതി ബില്‍ ഉള്‍പ്പടെ ഏഴ് സുപ്രധാന ബില്ലുകളിന്മേല്‍ തീരുമാനം ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടിരുന്നു. സര്‍വകലാശാല ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയെല്ലാം ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടിരുന്നു.
2022 ആഗസ്തിലാണ് ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്. മന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചിരുന്നത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജന്‍സി തന്നെ വിധി പറയാന്‍ പാടില്ലെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അന്വേഷണം, കണ്ടെത്തല്‍, വിധി പറയല്‍ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.