ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

Kerala

.പ്രതിപക്ഷം എതിര്‍ത്തു

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനും സഭ വിട്ടിറങ്ങലിനുമൊടുവില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.നായനാര്‍ സര്‍ക്കാര്‍ കൊണ്ട് വന്ന നിയമത്തിന് ഓ 23 വര്‍ഷത്തിന് ശേഷമാണ് ഭേദഗതി.ലോകായുക്തക്കു ജുഡീഷ്യല്‍ പദവി ഇല്ലെന്നും ,ലോകായുക്ത കോടതിക്ക് തുല്യമല്ലെന്നും ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും നിയമമന്ത്രി പി.രാജീവ് പറഞ്ഞു.
അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്.പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പുന :പരിശോധന അധികാരം നിയമസഭക്ക് നല്‍കുന്ന ഭേദഗതിയാണ് കൊണ്ട് വന്നത്.മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം.സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതിയാക്കുകയായിരുന്നു.ബില്‍ പാസായെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നാണ് ആശങ്ക.സബ്ജക്ട് കമ്മറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്നവുമായെത്തി..സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേര്‍ത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പറഞ്ഞു. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ക്രമപ്രശ്നം തള്ളി സ്പീക്കര്‍ റൂളിംഗ് നല്‍കി.ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ്കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *