ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വച്ചു

Kerala

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതോടെ, സര്‍വകലാശാലാ നിയമന വിവാദത്തില്‍ തുടങ്ങി ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വരെ നീണ്ട ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് അവസാനിക്കുന്നതായി സൂചന ലഭിച്ചിരുന്നു.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതിരുന്നത് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പൂര്‍ണമായും മഞ്ഞുരുകിയതോടെ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ അനുകൂല തീരുമാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു സര്‍ക്കാര്‍.
യു.എ.ഇയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ എത്തിയ മുഖ്യമന്ത്രി രാവിലെ കണ്ണൂരിലേക്ക് പോയി വൈകിട്ട് മൂന്നരയോടെ തിരിച്ചെത്തി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആറ് മണിക്ക് അദ്ദേഹം രാജ്ഭവനില്‍ എത്തുകയായിരുന്നു. ഏഴേ കാലിനാണ് മടങ്ങിയത്. സംതൃപ്തമായ ഭാവത്തോടെയാണ് ഇരുവരും പിരിഞ്ഞത്.കൂടിക്കാഴ്ചയില്‍ തന്‍റെ ചികിത്സാകാര്യങ്ങളും ആരോഗ്യസ്ഥിതിയും ലോകായുക്ത നിയമഭേദഗതിക്ക് പ്രേരിപ്പിച്ച സാഹചര്യങ്ങളും ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലുള്ള സര്‍ക്കാര്‍ നിലപാടും മുഖ്യമന്ത്രി വിശദീകരിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതുമായി ബന്ധപ്പെട്ട് ലോകായുക്ത മുമ്ബാകെ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വന്നതെന്നും മുഖ്യമന്ത്രി ബോധിപ്പിച്ചു.
ലോകായുക്ത നിയമത്തില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വ്യവസ്ഥകളാണ് കേരളത്തിലുള്ളതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഗവര്‍ണര്‍ക്ക് ബോദ്ധ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച കൂടിയായതോടെ സംഘര്‍ഷം പൂര്‍ണമായും അയഞ്ഞു.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ നിയമസഭാ സമ്മേളനത്തിന്‍റെ ഷെഡ്യൂള്‍ തീരുമാനിക്കും. സര്‍വകലാശാലാ നിയമന വിവാദങ്ങളില്‍ മുഖ്യമന്ത്രി അമേരിക്കയ്ക്ക് പുറപ്പെടും മുമ്ബുതന്നെ ഏറെക്കുറെ മഞ്ഞുരുകിയിരുന്നു. മുഖ്യമന്ത്രി ഒന്നിലേറെ തവണ ഗവര്‍ണറുമായി ടെലഫോണില്‍ കാര്യങ്ങള്‍ വിശദീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ചാന്‍സലര്‍ പദവി ഒഴിയുമെന്ന തീരുമാനത്തില്‍ നിന്ന് അന്നുതന്നെ ഗവര്‍ണര്‍ പിന്മാറുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *