. കളി തുടങ്ങും മുമ്പ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി
മറക്കാന:ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ പരാജയപ്പെടുത്തി അര്‍ജന്‍റീന. മറക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 63-ാം മിനിറ്റില്‍ നിക്കോളാസ് ഓട്ടമന്‍ഡി നേടിയ ഗോളിലാണ് അര്‍ജന്‍റീനയുടെ വിജയം. കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ ഓട്ടമന്‍ഡി വലയിലെത്തിച്ചു.ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ ഉറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു.നിലവില്‍ ബ്രസീല്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അതേസമയം ഉറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി.
81-ാം മിനിറ്റില്‍ ജോലിന്‍ടണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്രസീല്‍ 10 പേരുമായാണ് കളിച്ചത്. അര്‍ജന്‍റീന മധ്യനിരക്കാരന്‍ ഡി പോളിനെ ഫൗള്‍ ചെയ്തതിനാണ് ജോലിന്‍ടണ് ചുവപ്പുകാര്‍ഡ് കിട്ടിയത്. മെസ്സി 78 മിനിറ്റോളം അര്‍ജന്‍റീനക്കായി കളത്തിലുണ്ടായിരുന്നു.
അതേസമയം കളി തുടങ്ങുന്നതിന് മുമ്പ് ഗാലറിയില്‍ ബ്രസീല്‍ അര്‍ജന്‍റീന കാണികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മത്സരം വൈകിയാണ് തുടങ്ങിയത്.അര്‍ജന്‍റീനന്‍ ദേശീയഗാനം ആരംഭിക്കുമ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ കൂവിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗാലറിയില്‍ ഏറ്റുമുട്ടല്‍ തുടങ്ങുകയായിരുന്നു. ആരാധരോട് സംയമനം പാലിക്കാന്‍ മെസിയും ബ്രസീലിന്‍റെ മാര്‍ക്വീഞ്ഞോസും അടക്കമുള്ള താരങ്ങള്‍ അഭ്യര്‍ഥിച്ചെങ്കിലും ഫലം കണ്ടില്ല. പ്രശ്നങ്ങള്‍ നീണ്ടതോടെ മത്സരം നടക്കുമോ എന്ന ആശങ്ക പോലും ഉയര്‍ന്നു. കാണികള്‍ തമ്മിലടിച്ചതോടെ മെസ്സിയും സംഘവും ഗ്രൗണ്ടില്‍നിന്ന് മടങ്ങിയിരുന്നു. ആരാധകര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.