ബ്രസീലിയ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീനക്ക് തകര്‍പ്പന്‍ ജയം. ഇന്ന് പുലര്‍ച്ചെ ബൊളീവിയെ നേരിട്ട അര്‍ജന്‍റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. മെസിയുടെ ഹാട്രിക് മികവിലാണ് അര്‍ജന്‍റീനക്ക് തകര്‍പ്പന്‍ വിജയം. പതിനാലാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. പെനാല്‍റ്റി ബോക്സിന് ഏറെ പുറത്തുനിന്ന് ലോങ് ഷോട്ടിലൂടെയായിരുന്നു മെസ്സിയുടെ ഗോള്‍.
ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അര്‍ജന്‍റീനയുടെ രണ്ടാം ഗോള്‍ പിറന്നത് രണ്ടാം പകുതിയിലെ 64ാം മിനിറ്റിലായിരുന്നു. മനോഹരമായ നീക്കത്തിനൊടുവില്‍ മെസിയുടെ തകര്‍പ്പന്‍ ഫിനിഷിങ്. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ മെസി ഹാട്രിക് തികച്ചു. ഈ ഹാട്രിക്കോടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരമായി മെസി മാറി. ഇതിഹാസതാരം പെലെയുടെ 77 ഗോളുകള്‍ എന്ന റെക്കോര്‍ഡ് മറികടന്ന് മെസ്സിക്ക് ഇപ്പോള്‍ 79 ഗോളുകളുണ്ട്. മറ്റൊരു മത്സരത്തില്‍ പെറുവിനെതിരെ ബ്രസീലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്‍റെ വിജയം. എവര്‍ട്ടണ്‍ റിബേറിയോ നെയ്മര്‍ എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോല്‍വി അറിയാതെയാണ് ബ്രസീലിന്‍റെ മുന്നേറ്റം.