പാരീസ്: ഫിഫ ലോകകപ്പ് വിജയാവേശത്തിലാണ് ഇപ്പോഴും മെസ്സിയും ആരാധകരും. ഫ്രാന്‍സിനെതിരെ ചരിത്ര വിജയം നേടിയതിന് തന്‍റെ ടീമിലെ ഓരോ അംഗത്തിനും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസ്സി.1,75,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) വിലമതിക്കുന്ന 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ഐഫോണുകളില്‍ ഓരോ കളിക്കാരന്‍റെയും പേരും ജേഴ ്സി നമ്പറും അര്‍ജന്‍റീനയുടെ ലോഗോയും കൊത്തിവെച്ചിട്ടുണ്ട്. ഇവ ശനിയാഴ്ച പാരിസിലെ മെസ്സിയുടെ താമസ സ്ഥലത്ത് എത്തിച്ചു. ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസ്സിക്ക് വേണ്ടി സ്വര്‍ണ ഐഫോണുകള്‍ ഡിസൈന്‍ ചെയ്തത്.
ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ഞങ്ങളുമായി സംസാരിച്ചിരുന്നു. ഈ ചരിത്ര വിജയം ആഘോഷിക്കാന്‍ എല്ലാ കളിക്കാര്‍ക്കും സ്റ്റാഫിനും എന്തെങ്കിലും പ്രത്യേക സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നതായി മെസ്സി അറിയിച്ചു. ഓരോ കളിക്കാരന്‍റെയും പേരുകള്‍ ആലേഖനം ചെയ്ത സ്വര്‍ണ ഐഫോണുകള്‍ നല്‍കാമെന്ന നിര്‍ദേശം മെസ്സി അംഗീകരിക്കുകയായിരുന്നുവെന്ന് ഐ ഡിസൈന്‍ ഗോള്‍ഡ് വക്താക്കള്‍ പറയുന്നു.
