അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ആവേശം അലയടിക്കുകയായി..ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് റണ്ണറപ്പായ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചക്ക് രണ്ടിനാണ് മത്സരം. ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്ച ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെയാണ്.
ലോകകപ്പിന്‍റെ 13-ാംപതിപ്പാണ് ഇന്ത്യയില്‍ അരങ്ങേറുന്നത്. 1987 , 1996 , 2011 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് ആതിഥേയത്വം വഹിച്ച ഇന്ത്യ, ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ പുരുഷ ക്രിക്കറ്റ് ലോകകപ്പാണിത് .
ഇക്കുറി 10 ടീമുകളാണ് ലോകകപ്പിനായ് മത്സരിക്കുന്നത്. രണ്ടുതവണ ലോകകപ്പ് നേടിയ ഇന്ത്യ, അഞ്ചുതവണ കിരീടം നേടിയ ഓസ്ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാന്‍, 1996ല്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക, കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് എന്നിവയാണ് മറ്റ് ടീമുകള്‍. ആദ്യത്തെ രണ്ട് ലോകകപ്പ് നേടിയ വെസ്റ്റിന്‍ഡീസ് ഇല്ലാത്തതാണ് ഈ ലോകകപ്പിന്‍റെ നഷ്ടം. സ്വന്തം നാട്ടിലെ കരുത്തും തകര്‍പ്പന്‍ താരനിരയും പരിശോധിക്കുമ്പോള്‍ ഇന്ത്യയാണ് ഫേവറേറ്റുകളെന്ന് പറയാം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരില്‍ ആരു വേണമെങ്കിലും കപ്പ് നേടാം.
ബാറ്റ്സ്മാന്‍മാരുടെ മികച്ച പ്രകടനം ഇക്കുറി കാണാന്‍ സാധിക്കും. മിക്ക മത്സരങ്ങളിലും 300ന് മുകളില്‍ ടീം സ്കോര്‍ പ്രതീക്ഷിക്കാം. ഫ്ളാറ്റ് പിച്ചുകളാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ടുതന്നെ പ്രമുഖ ബാറ്റ്സ്മാന്‍മാര്‍ക്കെല്ലാം തിളങ്ങാന്‍ സാധിച്ചേക്കും. പേസര്‍മാരെക്കാള്‍ സ്പിന്നര്‍മാര്‍ ഇത്തവണ ശോഭിക്കാനാണ് സാധ്യത കൂടുതല്‍. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം. കൂടുതല്‍ പോയിന്‍റ് നേടുന്നആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലെത്തും. ആകെ 48 കളികളാണ്. നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി. ഫൈനല്‍ നവംബര്‍ 19ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ്.
