. ആറാം കിരീടം
. ട്രാവിസ് ഹെഡിനു സെഞ്ച്വറി
അഹേമ്മദാബാദ്: ഏകദിന ലോകകപ്പ് ഓസ്ട്രേലിയക്ക്. ആതിഥേയരായ ഇന്ത്യയെ ഏഴു ഓവര്‍ ബാക്കി നില്‍ക്കെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ലോകകപ്പില്‍ മുത്തമിട്ടത്. 119 പന്തുകളില്‍ നിന്ന് 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് വിജയ ശില്‍പ്പി. 58 റണ്‍സുമായി പുറത്താകാതെ നിന്ന ലബുഷെയിന്‍ ട്രാവിസ് ഹെഡിന് പിന്തുണ നല്‍കി. ഇവര്‍ തമ്മിലുളള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. 1987 , 1999, 2003, 2007, 2015 എന്നിങ്ങനെ അഞ്ചുതവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയയുടെ ആറാമത്തെ കിരീടമാണിത്.തുടക്കത്തിലെ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ഓസ്ട്രേലിയ പിന്നീട് ഒരു മത്സരവും തോല്‍ക്കാതെയാണ് ഫൈനലില്‍ കിരീടം നേടിയത്. പാറ്റ് കമ്മിന്‍സ് എന്ന ക്യാപ്റ്റന്‍റെ നേതൃത്വമികവ് കൂടിയായി ഈ ലോകകപ്പ് കിരീടം.ഈ ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ജൈത്രയാത്ര നടത്തിയ ഇന്ത്യയ്ക്ക് ഫൈനലില്‍ കാലിടറി. ഈ ലോകകപ്പിലെ ഏക തോല്‍വി കലാശ പോരാട്ടത്തില്‍. വഴുതിപ്പോയത് മൂന്നാമത്തെ ലോകകപ്പ് കിരീടം എന്ന സ്വപ്നം. 50 ഓവറില്‍ 241 എന്ന ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് മൂന്നു വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. പക്ഷേ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ട്രാവിസ് ഹെഡും ലബു ഷെയിനും ഇന്ത്യയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ഇന്ത്യക്കുവേണ്ടിബുംറ രണ്ടുവിക്കറ്റ് വീഴ്ത്തി. ഷമിയും സിറാജും ഓരോ വിക്കറ്റും നേടി. ഇന്ത്യന്‍ നിരയില്‍ സ്പിന്നര്‍മാര്‍ക്ക് തീരെ തിളങ്ങാനായില്ല.
ടോസ് നേടിയ ഓസിസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 50 ഓവറില്‍ 240 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോഹ്ലി 54, ക്യാപ്റ്റന്‍ രോഹിത് ശര്‍മ 47 റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്ലും (4) ശ്രേയസ് അയ്യരും (4) രവീന്ദ്ര ജഡേജ (9) സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതവും മാക്സ്വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അഹമ്മദാബാദിലെ സ്ലോ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര റണ്ണടിക്കാന്‍ പാടുപെട്ടപ്പോള്‍ ആകെ പിറന്നത് 13 ഫോറും മൂന്ന് സിക്സും മാത്രം. അതില്‍ ഒമ്പത് ഫോറും മൂന്നും സിക്സും പിറന്നത് ആദ്യ പത്തോവറില്‍.
ഇന്ത്യഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരത്തിന് മുന്നോടിയായി വ്യോമസേന നടത്തിയ പ്രത്യേക എയര്‍ ഷോ ആരാധകര്‍ക്ക് കൗതുകമായി. സൂര്യകിരണ്‍ എയ്റോബാറ്റിക് ടീം ആണ് മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഷോ നടത്തിയത്.പ്രത്യേക നിറത്തിലുള്ള വിമാനങ്ങള്‍ മുകളില്‍ കൂടി പുക പറത്തി പറക്കുകയായിരുന്നു.ഇന്ത്യന്‍ വ്യോമസേനയിലെ പ്രത്യേക പരിശീലനം നേടിയ പൈലറ്റുമാരാണ് എയര്‍ ഷോ നടത്തിയത്.