ലോകകപ്പ് അര്‍ജന്‍റീനക്ക്

Kerala

. വിജയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ . സസ്പെന്‍സ് ത്രില്ലര്‍ ഫൈനല്‍ . അര്‍ജന്‍റീനക്ക് മൂന്നാം കിരീടം
. മിശിഹാ മെസ്സിയുടെയും കിടിലന്‍ എംബാപ്പെയുടെയും അവിസ്മരണീയ പ്രകടനം

ദോഹ : കാല്‍പന്തുകളിയുടെ ലോക കിരീടവകാശിയെ തീരുമാനിക്കുന്ന രാത്രിയില്‍ ലൂസെയ്ല്‍ സ്റ്റേഡിയം യുദ്ധക്കളമായി. ഫുട്ബോളിന്‍റെ സകല പോരാട്ട വീര്യങ്ങളും ആവേശവും സൗന്ദര്യവും ഉള്‍ക്കൊണ്ട ഫൈനല്‍ മത്സരം 3-3ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 ന് വിജയം അര്‍ജന്‍റീനയുടെ കൂടെ നിന്നു.1978,1986 കിരീടത്തിനുശേഷം 2022 ഖത്തര്‍ ലോകകപ്പ് അര്‍ജന്‍റീന നേടി. ഇഞ്ചോടിഞ്ച് പൊരുതിയ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്‍റീന ഖത്തര്‍ ലോകകപ്പ് കരസ്ഥമാക്കിയത്. 80 മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന അര്‍ജന്‍റീനയെ കിലിയന്‍ എംബാപ്പെ രണ്ടു മിനിറ്റിനുള്ളില്‍ രണ്ടു ഗോളുകള്‍ നേടി ഞെട്ടിച്ചു സമനില നേടി. തുടര്‍ന്ന് എക്സ്ട്രാ ടൈമില്‍ ലയണല്‍ മെസ്സി വീണ്ടും അവതരിച്ചു.3-2 ന് മുന്നില്‍. എന്നാല്‍ അവസാന നിമിഷത്തില്‍ പെനാല്‍റ്റി ഗോളാക്കി എംബാപ്പെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീക്കി.അര്‍ജന്‍റീനയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്.ഫ്രാന്‍സിന്‍റെ ഗോള്‍മുഖത്ത് മെസിയും എയ്ഞ്ചല്‍ ഡി മരിയയും നിരന്തരം ഭീഷണി ഉയര്‍ത്തി. അഞ്ചാം മിനുറ്റില്‍ മക്കലിസ്റ്ററിന്‍ന്‍റെ ലോംഗ് റഞ്ചേര്‍ ശ്രമം ഗോള്‍കീപ്പര്‍ ലോറിസ് തടഞ്ഞു. തൊട്ടുപിന്നാലെ ഡീപോളിന്‍റെ ഷോട്ട് പുറത്തേക്ക്.10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സിന്‍റെ മുന്നേറ്റം കണ്ടത്.14-ാം മിനുറ്റില്‍ ഫ്രാന്‍സ് അര്‍ജന്‍റീനന്‍ ഗോള്‍മുഖം ആദ്യമായി ആക്രമിച്ചു.19-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതിന് ബോക്സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ജിറൂഡിന്‍റെ പറന്നുള്ള ഹെഡര്‍ ബാറിന് മുകളിലൂടെ കടന്നുപോയി.21-ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോള്‍ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്‍റീനയെ 23-ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. തുടര്‍ന്നും അര്‍ജന്‍റീന തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. 36 മിനിറ്റില്‍ അര്‍ജന്‍റീന രണ്ടാംഗോള്‍ നേടി. മെസ്സി നല്‍കിയ പാസ് അല്‍വാരസ് മാക്കലിസ്റ്റര്‍ക്ക് മറിച്ചുനല്‍കി.പ്രതിരോധനിരയെ കമ്പിളിപ്പിച്ചുകൊണ്ട് മുന്നേറിയ മാര്‍ക്കലിസ്റ്റര്‍ നല്‍കിയ ക്രോസ് എയ്ഞ്ചല്‍ ഡി മരിയ മുന്നില്‍ ഗോളി മാത്രം നില്‍ക്കെ വലയിലാക്കി. അര്‍ജന്‍റീനയുടെ ലീഡ് 2- 0 ആക്കി. ഇതോടെ ഫ്രാന്‍സിന്‍റെ കോച്ച് ദെഷംപ്സ് ഡംബല്ല, ജിറൂഡ് എന്നിവരെ പിന്‍വലിച്ച് തുറാം, മുവാനി എന്നിവരെ ഇറക്കി.
രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്‍റെ കടന്നാക്രമണമാണ് അവസാന നിമിഷങ്ങളില്‍ കണ്ടത്.80 മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന അര്‍ജന്‍റീനയെ കിലിയന്‍ എംബാപ്പെ രണ്ടു മിനിറ്റിനുള്ളില്‍ ല്‍നേടിയ രണ്ട് ഗോളുകള്‍ക്ക് സമനില പിടിച്ച ഫ്രാന്‍സ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി. സംഭവബഹുലമായ എക്സ്ട്രാ ടൈമില്‍ മെസ്സി യിലൂടെ വീണ്ടും അര്‍ജന്‍റീന മുന്നിലെത്തി. എന്നാല്‍ അവസാന നിമിഷങ്ങളില്‍ പെനാല്‍റ്റിയില്‍ നിന്ന് കിലിയന്‍ എംബാപ്പെ വീണ്ടും ഗോള്‍ നേടി അര്‍ജന്‍റീനയെ സമനിലയില്‍ തളച്ചു. അതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *