ന്യൂയോര്‍ക്ക്: ലോകം കടുത്ത വിദ്യാഭ്യാസ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ. ലക്ഷക്കണക്കിന് കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം ഉന്നത വിദ്യാഭ്യാസത്തിലും പ്രതിസന്ധി നേരിടുകയാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടാറസ് പറഞ്ഞു. വിദ്യാഭ്യാസമേഖലയെ ബാധിക്കുന്ന കൊറോണ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഗുട്ടാറസിന്‍റെ പ്രതികരണം.
‘നമ്മളെല്ലാവരും കടുത്ത വിദ്യാഭ്യാസ പ്രതിസന്ധിയിലാണ്. 15 കോടിയിലേറെ കുട്ടികള്‍ കൊറോണ ബാധയെ തുടര്‍ന്ന് സ്ക്കൂളുകളില്‍ പോകാനാകാതെ വിഷമത്തിലാണ്. ഇതില്‍ രണ്ടരക്കോടി കുട്ടികള്‍ പൂര്‍ണ്ണമായും വിദ്യാഭ്യാസം ഉപേക്ഷിച്ചു. ഇതിന് ഭരണകൂടങ്ങള്‍ പരിഹാരം കാണണം. അദ്ധ്യാപകരെ ഡിജിറ്റലായി ഏകോപിപ്പിക്കാനും വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റലൈസേഷന്‍ പരമാവധി നടപ്പാക്കാനും ഉടന്‍ നടപടി സ്വീകരിക്കണം.’ ഗുട്ടാറസ് പറഞ്ഞു.
ആഗോളതലത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 20 കോടികടന്നതായി ഗുട്ടാറസ് പറഞ്ഞു. മരണം 4 കോടിക്കു മുകളിലായി. ആഗോള തലത്തില്‍ 400 കോടിയിലേക്ക് വാക്സിനേഷനെത്തിയെന്നും ഗുട്ടാറസ് അറിയിച്ചു.