തിരുവനന്തപുരം: ഓപ്പറേഷന്‍ ഫോസ്കോസിന്‍റെ ഭാഗമായി രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 13,100 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
103 സ്ക്വാഡുകള്‍ നാല് ദിവസങ്ങളിലായാണ് പരിശോധനകള്‍ നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. രജിസ്ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിച്ച 1000 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുവാനുള്ള നോട്ടീസ് നല്‍കി. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിന് പകരം രജിസ്ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനകള്‍ കര്‍ശനമാക്കിയത്.
ലൈസന്‍സ്/ രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിപണനം, കയറ്റുമതി, ഇറക്കുമതി എന്നിവ നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ലൈസന്‍സ് പരിധിയില്‍ വന്നിട്ടും രജിസ്ട്രേഷന്‍ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരായി പരിഗണിച്ചാണ് നടപടികള്‍ സ്വീകരിച്ചത്. ഓപ്പറേഷന്‍ ഫോസ്കോസിലൂടെ നിരവധി ഭക്ഷ്യ സംരംഭകരെ ലൈസന്‍സില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ലൈസന്‍സ് പരിധിയിലുള്ളവര്‍ എല്ലാവരും നിര്‍ബന്ധമായും ലൈസന്‍സ് നേടി നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ്.
ലൈസന്‍സ് ഡ്രൈവിന് ഭക്ഷ്യ സുരക്ഷാ ജോയിന്‍റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.