മലപ്പുറം :കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടു.കീഴാറ്റൂര്‍ സ്വദേശി മുജീബാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നായിരുന്നു അക്രമം എന്നാണ് പ്രാഥമിക സൂചന.
തീപിടിത്തത്തില്‍ ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, പ്രിന്‍റര്‍ തുടങ്ങിയ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഫയലുകളും ജീവനക്കാരുടെ മൊബെല്‍ ഫോണുകളും കത്തിനശിച്ചു. ആര്‍ക്കും പരുക്കില്ല. പെരിന്തല്‍മണ്ണയില്‍ നിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.പെട്രോള്‍നിറച്ച ക്യാനുമായി ഓഫീസിനകത്ത് കടന്ന ഇയാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലാവുകയും തുടര്‍ന്ന് കമ്പ്യൂട്ടറുകളിലും മറ്റു ഫയലുകളിലും പെട്രോള്‍ ഒഴിച്ചതിന് ശേഷം തീകൊടുക്കുകയുമായിരുന്നു. മൂന്ന് ജീവനക്കാരാണ് ഈ സമയം ഓഫീസിലുണ്ടായിരുന്നത്. തീയിട്ട ശേഷം ശുചിമുറിയില്‍ കയറി ഒളിച്ച ഇയാള്‍ ജീവനൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.പ്രതിയെ മേലാറ്റൂര്‍ പോലീസ് അറസ്റ്റ്ചെയ്തു. അതേസമയം ഈ വര്‍ഷം 50 പേര്‍ക്കാണ് വീട് അനുവദിച്ചതെന്നും, 95 -ാം സ്ഥാനത്താണ് മുജീബിന്‍റെ പേരുള്ളതെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.