ലണ്ടന്‍: ബ്രിട്ടനിലെ തുറമുഖ നഗരമായ ലിവര്‍പൂളിനെ ലോക പൈതൃകപ്പട്ടികയില്‍ നിന്നും നീക്കാന്‍ തീരുമാനിച്ചതായി യുനെസ്കോ. എവര്‍ട്ടന്‍ ഫുട്ബോള്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പെരുകിയതോടെ പഴയ കെട്ടിടങ്ങളുടെ കലാസൗന്ദര്യം നഷ്ടമായെന്ന് ചൈനയില്‍ ചേര്‍ന്ന യുനെസ്കോ പ്രത്യേക സമിതി യോഗം വിലയിരുത്തി.
ബ്രേംലി മൂര്‍ ഡോക്കില്‍ ഉയരുന്ന പുതിയ നിര്‍മാണങ്ങള്‍ ചരിത്ര പ്രധാനമായ ഈ പ്രദേശത്തിന്‍റെ പൈതൃക സൗന്ദര്യം നഷ്ടമാകാന്‍ കാരണമായെന്നും യുനെസ്കോ നിരീക്ഷിച്ചു.
2004 ലാണ് ലിവര്‍പൂളിന് പൈകൃത പദവി ലഭിച്ചത്. മേര്‍സി നദി ഐറിഷ് കടലുമായി സംഗമിക്കുന്നിടത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 50 വര്‍ഷത്തിനിടയില്‍ ലോകപൈതൃക പദവി നഷ്ടമാകുന്ന മൂന്നാമത്തെ ഇടമാണിത്. ഒമാനിലെ അറേബ്യന്‍ ഒറിക്സ് സാങ്ച്വറിക്ക് 2007 ലും ജര്‍മനിയിലെ ഡ്രസ്ഡന്‍ എല്‍ബെ വാലിക്ക് 2009 ലും പൈതൃക പദവി നഷ്ടപ്പെട്ടിരുന്നു.