ന്യൂഡല്‍ഹി :എസ്എന്‍സി ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.ജസ്റ്റിസ് എം.ആര്.ഷാ, ജസ്റ്റിസ് സി.ടി.രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നാലാം നമ്പര്‍ കോടതിമുറിയില്‍ 21ാം നമ്പര്‍ കേസായാണ് ലാവ്ലിന് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.അതേസമയം വൈറല്‍ പനി ബാധിച്ചു ചികിത്സയിലായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പു മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന് എം.എല്‍.ജിഷ്ണു കത്തു നല്കി. ഇത് അനുവദിക്കുമോയെന്നതു കേസ് പരിഗണനയ്ക്കു വരുമ്പോഴേ അറിയൂ.
32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതിരുന്ന ഹര്‍ജി അഞ്ചു മാസത്തിനു ശേഷമാണു വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, ഊര്‍ജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും,വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന് നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്മാന് ആര്.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
2018 ജനുവരിയില്‍ ഹര്‍ജിയില്‍ നോട്ടിസ് അയച്ചിരുന്നതാണ്. പിന്നീടു പലവട്ടം കേസ് ലിസ്റ്റ് ചെയ്തെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ നവംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിലായിരുന്നു ഒടുവില്‍ ലിസ്റ്റ് ചെയ്തത്. അന്നും പരിഗണിക്കുകയുണ്ടായില്ല.