റാഞ്ചി: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ വിദഗ്ദ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റും.നിലവില്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ (റിംസ്) ചികിത്സയിലാണ് അദ്ദേഹം. വിശദ പരിശോധനയില്‍ ഹൃദയത്തിനും വൃക്കയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എയിംസിലേക്ക് മാറ്റുന്ന തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍മാര്‍ തീരുമാനിക്കുമെന്ന് റിംസ് ഡയറക്ടര്‍ കാമേശ്വര്‍ പ്രസാദ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിന്‍റെ ജാമ്യാപേക്ഷയില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ഏപ്രില്‍ ഒന്നിന് വാദം കേള്‍ക്കാനിരിക്കെയാണ് ആരോഗ്യ നില വീണ്ടും വഷളായത്.