തിരുവനന്തപുരം : ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ സംസ്ഥാന അതിര്‍ത്തികളില്‍ റെയിഡും സ്കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിര്‍ത്തികളില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവര്‍ ചേര്‍ന്ന് റെയിഡ് നടത്തും. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2ന് സംസ്ഥാനത്തുടനീളം നടത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ക്യാമ്പയിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുഴുവന്‍ ജനവിഭാഗങ്ങളും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടന പ്രസംഗം കേള്‍പ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും തയ്യാറാക്കണം. അതത് പ്രദേശത്തെ ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍, കലാകായിക പ്രതിഭകള്‍ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്കണം. വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും പരിപാടി നടത്തുന്നതിനുള്ള നടപടിയുണ്ടാവണം. ഉദ്ഘാടന പരിപാടിയുടെ പ്രചരണം വ്യാപകമായി നടത്തണം. തദ്ദേശ സ്ഥാപനതല/ വാര്‍ഡ്തല/ വിദ്യാലയസമതികള്‍ മുന്‍കൈയെടുത്ത് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം.
ഒക്ടോബര്‍ 3ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ്സ് മുറികളില്‍ ലഹരിവിരുദ്ധ ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം അന്ന് ക്ലാസ്സ് മുറികളില്‍ കേള്‍പ്പിക്കണം. അതിന് സംവിധാനമില്ലാത്ത സ്കൂളുകളില്‍ ഒരുമിച്ചുള്ള അസംബ്ലിയോ മറ്റോ സംഘടിപ്പിച്ച് പ്രസംഗം പ്രക്ഷേപണം ചെയ്യണം.
ഒക്ടോബര്‍ 6, 7 തീയതികളില്‍ എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ/ എം.പി.ടി.എ/ വികസന സമിതി നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ 8 മുതല്‍ 12 വരെ വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, ക്ലബ്ബുകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷന് തുടങ്ങിയ ഇടങ്ങളിലാണ് സംവാദവും പ്രതിജ്ഞയും നടത്തുക.
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഗസന വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒക്ടോബര്‍ 2 മതുല്‍ 14 വരെയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തുന്ന പരിപാടികളില്‍ ലഹരിവിരുദ്ധ പ്രചരണം ഉള്‍പ്പെടുത്തും. പട്ടികജാതി/പട്ടികവര്‍ഗ്ഗ സങ്കേതകങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിന് പ്രത്യേകമായി നടത്തും.