ലഹരിക്കടത്ത് തടയാന്‍ ‘കെമു’ സജീവം

Top News

കല്‍പ്പറ്റ:ലഹരിക്കടത്ത് തടയാന്‍ ജില്ലയില്‍ മൂന്നുമാസം മുമ്പ് അനുവദിച്ച കേരള എക്സൈസ് മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റും (കെമു) സജീവം. ഓണക്കാലമായതിനാല്‍ കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിവഴി ലഹരിയെത്തുന്നത് തടയുന്നതിന് എക്സൈസ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ്കെമു .
അതിര്‍ത്തി പ്രദേശമായ പെരിക്കല്ലൂര്‍ കടവ്, മരക്കടവ്, കൊളവള്ളി, ചേകാടി തുടങ്ങിയ പ്രദേശങ്ങളില്‍ 24 മണിക്കൂറും പട്രോളിങും ശക്തമായ പരിശോധനകളുമാണ് കെമു നടത്തിയത്. 27 എന്‍ഡിപിഎസ് കേസുകളും പത്ത് അബ്കാരി കേസുകളും രജിസ്റ്റര്‍ചെയ്തു. 1.6 കിലോ കഞ്ചാവും, 50 മില്ലി ഗ്രാം എംഡിഎംഎ, 20.88 ലിറ്റര്‍ കര്‍ണാടക മദ്യം, അഞ്ച് ലിറ്റര്‍ വ്യാജമദ്യം രേഖകളില്ലാതെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 15 ലക്ഷം രൂപ തുടങ്ങിയവ കെമു യൂണിറ്റിന്‍റെ സഹായത്തോടെ പിടികൂടി.
30 – പ്രതികളെ അറസ്റ്റ് ചെയ്തു. കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി എന്നീ ചെക്ക്പോസ്റ്റുകളിലും ചെക്ക്പോസ്റ്റുകള്‍ ഇല്ലാത്ത അതിര്‍ത്തി പ്രദേശങ്ങളായ പെരിക്കല്ലൂര്‍ കടവ്, ചേകാടി, മരക്കടവ്, തോണിക്കടവ്, കൊളവള്ളി തുടങ്ങിയ കര്‍ണാടക അതിര്‍ത്തികളിലും നൂല്‍പ്പുഴ, പാട്ടവയല്‍, താളൂര്‍, വടുവന്‍ചാല്‍, ചോലാടി തുടങ്ങിയ തമിഴ്നാട് അതിര്‍ത്തികളിലുമാണ് എക്സൈസ് പരിശോധന സജീവമാക്കിയത്. കല്‍പ്പറ്റ എക്സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂമും സജ്ജമാണ്. താലൂക്ക് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *