ലതികയുടെ നടപടി ശരിയായില്ല: രമേശ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് ഏറ്റുമാനൂര്‍ മണ്ഡലം കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഇതു സംബന്ധിച്ച് പ്രഖ്യാപമുണ്ടായേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി അഭിപ്രായ സ്വരൂപീകരണത്തിന് തന്നോട് അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ലതിക വിളിച്ചിട്ടുണ്ട്. നേരത്തെ, സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലതിക സുഭാഷ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാന്‍ ആരോ പിന്നില്‍ നിന്ന് കളിച്ചുവെന്നതുള്പ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് ലതിക ഉന്നയിച്ചത്. ഇതിനൊപ്പം കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വച്ച് തല മുണ്ഡനം ചെയ്ത് അവര്‍ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അതിനിടെ ലതിക സുഭാഷിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്നും, ലതികയുടെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ശരിയായില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. പ്രതിഷേധങ്ങളും പരാതികളും സ്വാഭാവികമാണെന്നും, എല്ലാം രണ്ട് ദിവസം കൊണ്ട് അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമാണ് . കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും ഇതുപോലൊരു മാറ്റം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും പ്രതിഫലിപ്പിച്ചാണ് ലിസ്റ്റ് തയാറാക്കിയത്. ഈ ലിസ്റ്റിന്റെ മേന്മ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു