ലണ്ടന്‍: ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ ആറ് മുതല്‍ 16 വരെ നടക്കും. കഴിഞ്ഞ വര്‍ഷം പ്രധാനമായും ഓണ്‍ലൈനായി നടത്തിയ ഫെസ്റ്റിവല്‍ ഇത്തവണ ലണ്ടനിലും, ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളിലുമായി ലോക സിനിമയുടെ പുതിയ മുഖം കാഴ്ച വയ്ക്കുന്നു.ഇന്ത്യയില്‍ നിന്നും മൂന്ന് ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
‘പെഡ്രോ’ എന്ന നടേഷ് ഹെഗ്ഡെയുടെ കന്നഡ ചിത്രം പുരുഷ മേധാവിത്വത്തിന്‍റെയും, വര്‍ഗ്ഗീയതയുടെയും, ഉള്‍നാടന്‍ സാമൂഹിക ഘടനയുടെയും കഥ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്നു. മദ്യപാനിയും, സമൂഹത്തിന്‍റെ പുറമ്പോക്കില്‍ കഴിയുന്ന ആളുമായ പെഡ്രോ അബദ്ധത്തില്‍ ഒരു പശുവിനെ കൊല്ലുന്നതോടെ ഒരു സമൂഹം ഒന്നടങ്കം അയാള്‍ക്കെതിരെ തിരിയുന്നു. സംവിധായകന്‍റെ പിതാവ് തന്നെ പെഡ്രോ ആയി അഭിനയിക്കുന്നു.
രാഹുല്‍ ജെയിന്‍ സംവിധാനം ചെയ്ത ‘ഇന്‍വിസിബിള്‍ ഡീമോന്സ്’ എന്ന ഡോക്യുമെന്‍ററി യാതൊരു നിയന്ത്രണവുമില്ലാതെ തലസ്ഥാന നഗരിയായ ന്യൂ ഡെല്‍ഹിയില്‍ ഉയര്‍ന്നു വരുന്ന വ്യവസായങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കുന്നതിന്‍റെ കഥയാണ് പറയുന്നത്. ഇനിയും താഴോട്ടു പോകുന്ന അവസ്ഥയ്ക്ക് തടയിടണം എന്നാവശ്യപ്പെടുകയാണ്’ഇന്‍വിസിബിള്‍ ഡീമോന്സ്’ . 1993 ഇല്‍ സെറ്റ് ചെയ്തിരിക്കുന്ന പ്രസൂണ്‍ ചാറ്റര്‍ജിയുടെ ‘റ്റൂ ഫ്രണ്ട്സ്’ (ദോസ്റ്റോജി) എന്ന ബംഗാളി ചിത്രം 8 വയസായ 2 കുട്ടികള്‍ ബാബ്റി മസ്ജിത് തകര്‍ത്തതിന് ശേഷം അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചു പറയുന്നു. മത വ്യത്യാസങ്ങളും സ്നേഹവുമെല്ലാം ഇഴ ചേര്‍ന്ന് കിടക്കുന്ന പുതിയ കാലത്തിന്‍റെ കഥയാണ് ‘റ്റൂ ഫ്രണ്ട്സ്’.
