ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇരുപക്ഷവും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നു. ഇരു രാജ്യങ്ങളിലെയും സൈനിക, ഉദ്യോഗസ്ഥതല യോഗം ഉടന്‍ കൂടി പ്രശ്നപരിഹാരം സാദ്ധ്യമാക്കണമെന്ന കാര്യത്തില്‍ ഇരുവരും യോജിച്ചു. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു.
പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത് ഇരുപക്ഷത്തിനും നല്ലതല്ലെന്ന അഭിപ്രായത്തിലേക്ക് മുന്‍ യോഗങ്ങളില്‍ ഇരു രാജ്യത്തെ മന്ത്രിമാരും എത്തിച്ചേര്‍ന്നിരുന്നു.
ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലെ ഐക്യം ഇരുരാജ്യങ്ങളുടെയും ബന്ധമനുസരിച്ചിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. പരസ്പര ബഹുമാനത്തോടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ബന്ധമുണ്ടാകണമെന്നും അതിന് ചൈന ഇന്ത്യയുമായുളള ബന്ധം മൂന്നാമതൊരു രാജ്യത്തിന്‍റെ കണ്ണിലൂടെ കാണരുതെന്നും എസ്.ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇതിന് മുന്‍പ് ഇരുരാജ്യങ്ങളും തമ്മില്‍ ജൂലായ് 14ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു.
2020 മേയ് അഞ്ചിന് ലഡാക്കിലെ പാംഗോംഗില്‍ ഇന്ത്യചൈന സൈനികര്‍ തമ്മില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം ഇരു വിഭാഗത്തിലെയും സൈനികര്‍ അതിര്‍ത്തിയില്‍ തര്‍ക്കപ്രദേശങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 50,000 മുതല്‍ 60,000 വരെ സൈനികരാണ് അതിര്‍ത്തിയിലുളളത്. ഇവരെ പിന്‍വലിക്കുന്നതിനുളള സൈനികഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ ഇപ്പോഴും പൂര്‍ണ തീരുമാനമായിട്ടില്ല.