ലഖിംപൂര്‍ കേസില്‍ ആശിഷ്മിശ്രയ്ക്ക് കുരുക്ക് മുറുകുന്നു

Latest News

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ആശിഷ് മിശ്രയുടെ തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.
സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തോക്കുകളാണ് പരിശോധനയ്ക്ക് അയച്ചത്. കര്‍ഷക പ്രതിഷേധത്തിന് നേരെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിന്‍റെ വാഹനവ്യൂഹം ഇടിച്ച് കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍, സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ല എന്നായിരുന്നു ആശിഷ് മിശ്രയുടെ വാദം. സംഭവ സ്ഥലത്ത് നിന്ന് രണ്ട് ബുള്ളറ്റുകളാണ് കിട്ടിയത്. പിന്നീട്, ആശിഷ് മിശ്രയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റൈഫിളും റിവോള്‍വറും പിടിച്ചെടുത്തിരുന്നു. പ്രദേശത്ത് നിന്ന് കണ്ടെത്തിയ ബുള്ളറ്റുകള്‍ ഈ തോക്കിലുണ്ടായിരുന്നതാണെന്നും തിരിച്ചറിഞ്ഞു.
എന്നാല്‍, കൂട്ടക്കൊല നടന്ന ഒക്ടോബര്‍ മൂന്നിന് ആണോ എന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശ് പൊലീസ്. ലഖിംപൂര്‍ കേസില്‍ സുപ്രീംകോടതി യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനുശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *