ലഖിംപൂരിലെത്തിയാല്‍ രാഹുല്‍ ഗാന്ധിയെ തടയുമെന്ന് ജില്ലാ ഭരണകൂടം

Kerala

ലഖ്നൗ: ലഖിംപൂര്‍ ഖേരിയിലെത്തിയാല്‍ രാഹുല്‍ ഗാന്ധിയെ തടയുമെന്ന് ജില്ലാ ഭരണകൂടം. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ലഖിംപൂരിലേക്ക് ആരേയും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് യുപി പോലിസ് അറിയിച്ചു. എന്നാല്‍ ലഖിംപൂര്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.
കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം കയറ്റി കൊലപ്പെടുത്തിയ കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ലഖിംപൂരിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ‘സര്‍ക്കാര്‍ കര്‍ഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവര്‍ക്ക് കര്‍ഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേര്‍ക്ക് അവിടെ പോകാനേ നിരോധമുള്ളൂ. മൂന്നു പേര്‍ അവിടേക്ക് പോകും’ രാഹുല്‍ ഗാന്ധി പറഞ്ഞു. മന്ത്രിക്കും മകനുമെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ഉച്ചയോടെ വിമാന മാര്‍ഗം ലഖ്നൗവില്‍ എത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം ലഖിംപൂര്‍ ഖേരിയില്‍ പോകാന്‍ ആണ് ഉദ്ദേശിക്കുന്നത്. ഇതിന് മുമ്പ് ലഖ്നൗവില്‍ വരാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *