ബംഗളൂരു: കര്‍ണാടകയിലെ വിജയത്തില്‍ സംതൃപ്തനല്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍.കോണ്‍ഗ്രസ് 135 സീറ്റുകള്‍ നേടി വലിയ ഭൂരിപക്ഷത്തോടെയാണ് കര്‍ണാടകയില്‍ വിജയിച്ചത്. എന്നാല്‍ ഈ വിജയത്തില്‍ സന്തോഷവാനല്ലെന്നും ഇനി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മദിനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കൊപ്പം പ്രണാമം അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ 135 സീറ്റുകളില്‍ ഞാന്‍ തൃപ്തനല്ല. നമ്മുടെ ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പാണ്. ഇനി മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തണം. അതിനായി കഠിനാധ്വാനം ചെയ്യണം. ഈ ഒരു ജയം നമ്മളെ മടിയന്മാരാക്കരുത്’. ഡികെ ശിവകുമാര്‍ പറഞ്ഞു.’ബിജെപിയിലെ ആര്‍ക്കും ഭീകരവാദത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായിട്ടില്ല. എന്നിട്ടും അവര്‍ കോണ്‍ഗ്രസ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി ആരോപിക്കുന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജീവന്‍ നഷ്ടമായത് ഭീകരവാദം കാരണമാണ്.’ സിദ്ധരാമയ്യ പറഞ്ഞു.
