റോഡ് പരിപാലനത്തിന്‍റെ സുതാര്യത ഉറപ്പാക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്റ്റ് ബോര്‍ഡ്

Latest News

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാര്യത്തില്‍ സുതാര്യത ഊട്ടിയുറപ്പിക്കുന്ന റണ്ണിംഗ് കോണ്‍ട്രാക്റ്റ് ബോര്‍ഡ് സ്ഥാപിക്കല്‍ സംവിധാനവുമായി പൊതുമരാമത്ത് വകുപ്പ്.റോഡിന്‍റെ പരിപാലന കാലയളവിന് ശേഷമുള്ള കാലം റോഡിന്‍റെ ഉത്തരവാദിത്തം ബന്ധപ്പെട്ടവരില്‍ നിക്ഷിപ്തമാക്കി ആ വിവരം പൊതുജനത്തെ അറിയിക്കുന്ന സംവിധാനമാണിത്.
പൊതുമരാമത്ത് റോഡുകളില്‍ റണ്ണിംഗ് കോണ്‍ട്രാക്റ്റ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.
റോഡ് പരിപാലനത്തില്‍ വലിയ കുതിച്ചുചാട്ടമാണ് പുതിയ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു.പൊതുമരാമത്ത് റോഡുകളില്‍ 12,322 കിലോമീറ്റര്‍ ദൂരം റണ്ണിംഗ് കോണ്‍ട്രാക്റ്റ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മൊത്തം റോഡിന്‍റെ 40 ശതമാനം വരും.
റോഡിന്‍റെ രണ്ടറ്റത്തും സ്ഥാപിക്കുന്ന നീല നിറത്തിലുള്ള ബോര്‍ഡില്‍ കരാറുകാരന്‍റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെയും പേര്, ഫോണ്‍ നമ്പറുകള്‍, റോഡ് നിര്‍മാണ, പരിപാലന കാലാവധി വിവരങ്ങള്‍ എന്നിവയെല്ലാം ഉണ്ടാകും. ഇതുവരെ പരിപാലന കാലാവധി കഴിഞ്ഞ റോഡില്‍ സംഭവിക്കുന്ന തകര്‍ച്ചക്ക് ആര്‍ക്കാണ് ഉത്തരവാദിയെന്ന അനാഥാവസ്ഥ ഉണ്ടായിരുന്നെന്നും ആ അവസ്ഥക്ക് പരിഹാരമായതായും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *